Wednesday, February 27, 2013

നിശാഗന്ധികൾ പൂക്കും രാവിൽ

നിശാഗന്ധികൾ പൂക്കും രാവിൽ
നിശാശലഭങ്ങൾ പാറും രാവിൽ
നീരദപാളികൾ മാറോടു ചേർത്ത്
നീയും വാനവും കുളിരണിഞ്ഞു
നീറും സ്വപ്നങ്ങൾ പങ്കുവച്ചു.

                       നിശാഗന്ധികൾ പൂക്കും രാവിൽ ....

ആയിരം പൂത്തിരി തെളിയുമാകാശത്തിൽ
ആശകളെല്ലാം പൂത്തുലഞ്ഞു
ആയിരം നോവിന്റെ തീക്കനൽക്കൂനയിൽ
ആത്മസ്വപ്നങ്ങളോ എരിഞ്ഞമർന്നു.

                        നിശാഗന്ധികൾ പൂക്കും രാവിൽ ....

തന്ത്രി വലിച്ചു മുറുക്കിയ തംബുരു
താന്തയായ് മന്ത്രിച്ചതെന്താവ... ?
ആരോ പാടാൻ മറന്ന പ്രണയത്തിൻ
വിരഹഗീതങ്ങൾ തൻ വിഷാദമന്ത്രം.

                          നിശാഗന്ധികൾ പൂക്കും രാവിൽ ....

Friday, February 22, 2013

ലഹരി

ലഹരി 

അസുലഭ ലഹരി അനുപമലഹരി 
ആദ്യാനുരാഗത്തിന്‍ ആനന്ദ ലഹരി 
അറിഞ്ഞു ഞാന്‍ ആത്മാവില്‍ അമൃത് നിറയുമാ 
അനിര്‍വചനിയമാം  അനശ്വര നിര്‍വൃതി ...

                              അസുലഭ ലഹരി.....

ഹൃദയം ഹൃദയത്തിന്‍ ആഴങ്ങള്‍തേടി 
അധരം അധരത്തില്‍ പൂവുകള്‍ ചൂടി 
 അറിയാത്തൊരനുഭൂതി സിരകളിലൊഴുകി 
 സ്വയം മറന്നാനന്ദ ഗീതികള്‍ പാടി

                              അസുലഭ ലഹരി .....

 കൊടുംകാറ്റു പോലും ഇളം കാറ്റായ്മാറി
ചുടു വെയില്‍ നാളങ്ങള്‍ പൂനിലാവായി... 
 ആകാശ ഗോളങ്ങള്‍ അരികത്തങ്ങണഞ്ഞു
 മരുഭൂവിലും പുതു മലര്‍മാരി ചൊരിഞ്ഞു.....

                               അസുലഭ ലഹരി.....

Friday, February 15, 2013

പ്രിയനേ, എനിക്കായ് നീ

പ്രിയനേ, എനിക്കായ് നീ ഒരു പുഞ്ചിരി മാത്രം
പവിഴാധരങ്ങളില്‍ കാത്തു സൂക്ഷിച്ചു വെങ്കില്‍...,
ഇന്നോളമാരും ചൊല്ലീടാത്ത നല്‍ വചനങ്ങള്‍
ആരെയും കേള്‍പ്പിക്കാതെയെന്‍ കാതില്‍ മന്ത്രിച്ചെങ്കില്‍....!

                     (പ്രിയനേ ,എനിക്കായ് നീ ......)
                                              
കരളിനുള്ളില്‍ കടലിരമ്പം പെരുപ്പിക്കും
നിന്‍ നയനത്തിന്‍ ലക്‌ഷ്യം എന്നിലായിരുന്നെങ്കില്‍...,
ധമനികളെ ത്രസിപ്പിക്കുമാ വിരല്‍ത്തുമ്പിന്‍
നനുത്ത സ്പര്‍ശം കോരിത്തരിപ്പിച്ചിരുന്നെങ്കില്‍......!
                   
(പ്രിയനേ, എനിക്കായ് നീ....)
 പരിരംഭണത്തിന്റെ പരമോച്ചയില്‍ സ്വയം
മറന്നാ വിരിമാറില്‍ മയങ്ങാന്‍ കഴിഞ്ഞെങ്കില്‍....,
എങ്കിലോ...? ഇല്ല, വെറും കനവുമാത്രം ....വൃഥാ-
ഒന്നുമേ കൊതിക്കാതെയിരിക്കാന്‍ കഴിഞ്ഞെങ്കില്‍....!!

                    (പ്രിയനേ, എനിക്കായ് നീ....)

Friday, February 1, 2013

മരക്കൊമ്പിലേതോ

മരക്കൊമ്പിലേതോ  കിളിക്കൂടിനുള്ളില്‍ 
പനംതത്ത പാടി തുടിക്കുന്ന രാഗം 
അകക്കണ്ണിലെന്നോ കണിവച്ചു സ്നേഹം 
മിടിക്കുന്ന നെഞ്ചില്‍ ഉറവിട്ടു  ശോകം 

                                          മരക്കൊമ്പിലേതോ ....

നീള്‍ മിഴിത്തുമ്പില്‍  കൊരുത്തൊരു മോഹം 
നീലനിലാവില്‍ രചിച്ചൊരു കാവ്യം 
മറക്കുവാനാമോ  നിനക്കെന്റെ മൌനം-
നിറച്ചൊരു  ശംഖിന്‍  മുറിപ്പാട് കാണ്‍കെ 

                                             മരക്കൊമ്പിലേതോ ....

ഒരു കുഞ്ഞു പൂവിന്നിതളില്‍ നീയെന്നോ 
വിരല്‍ത്തുമ്പു കൊണ്ടേ കുറിച്ചിട്ട ഗീതം 
ഇനിയെന്നുമെന്നും ഒരുമിച്ചു വാഴാം 
തനിച്ചല്ലെന്നെന്നെ  കൊതിപ്പിച്ചു മൂകം 

                                              മരക്കൊമ്പിലേതോ ...