Sunday, January 20, 2013

നീല രാവേ ...നീ മറന്നോ

നീല രാവേ ...നീല രാവേ...
നീ മറന്നോ ഈ നിശാഗന്ധിയെ ?
നീരദ  പാളികള്‍ നീളെ വിരിച്ചൊരു
നീലാംബരത്തിന്റെ കാമിനിയെ....?

നീല രാവേ ...

മോഹന രാഗം മറഞ്ഞു പോയി
മോഹങ്ങളെല്ലാം കൊഴിഞ്ഞു പോയി...
മൂകമായ് തേങ്ങുമെന്‍  ആത്മാവിന്‍ നോവുമായ്
രാപ്പാടിയെങ്ങോ പറന്നു പോയി...

നീല രാവേ ...

മണിവീണ മീട്ടാന്‍ മറന്നു പോയി
ശ്രുതി ചേര്‍ന്ന തന്ത്രി തകര്‍ന്നുപോയി
മലര്‍ശരന്‍ കാണാതെ  മദഗന്ധമേല്‍ക്കാതെന്‍ 
മധുരമാം സ്വപ്നം കരിഞ്ഞു പോയി....

 നീല രാവേ ......

Tuesday, January 8, 2013

ഉണ്ണി മിശിഹ പിറന്ന നേരം


കുളിര്‍ മഞ്ഞു പെയ്യുമാ ശിശിര രാവില്‍
വിണ്ണിലുദിച്ചൊരു കനകതാരം,
കാലിത്തൊഴുത്തിലെ പുല്‍ മെത്തയില്‍
ഉണ്ണി മിശിഹ പിറന്ന നേരം.

( കുളിര്‍ മഞ്ഞു പെയ്യുമാ ശിശിര രാവില്‍...)

എത്രയോ നാളുകള്‍ കാത്തിരുന്നീ -
രക്ഷകനെത്തിടും പുണ്യ ദിനം,
കന്യതന്‍ പ്രാര്‍ഥന സഫലമായി
വിണ്ണിന്‍ നായകനാഗതനായ് .

 ( കുളിര്‍ മഞ്ഞു പെയ്യുമാ ശിശിര രാവില്‍...)

മാലാഖമാരവര്‍ പാടിടുന്നു
അത്യുന്നതങ്ങളില്‍ സ്തോത്രഗീതം,
സന്മനസ്സുള്ളോര്‍ക്കു  പാരിലെങ്ങും
സന്തോഷമേകിടും ശാന്തിമന്ത്രം.

( കുളിര്‍ മഞ്ഞു പെയ്യുമാ ശിശിര രാവില്‍...)