Saturday, March 30, 2013

സ്നേഹത്തിന്റെ പ്രതീകം



ലോകത്തിൻ  വെളിച്ചമാം നാഥൻ
ദൈവത്തിൻ  സൂനുവാമേശു
ഗാഗുൽത്താ മലയിൽ മാമരക്രൂശിൽ  തൻ
ജീവനെ ബലിയായേകി

ലോകത്തിൻ  വെളിച്ചമാം......

മന്നിലെപ്പാപത്തിൻ ഭാരങ്ങളാകെയവൻ
മരക്കുരിശായ് തന്റെ തോളിലേറ്റി
ലോകപാപത്തിൻ  കറ നീക്കാൻ
നാഥൻ തൻ വാഗ്ദാനം പൂർണ്ണമാക്കി.
അവൻ തേങ്ങി ....
'പാപം പൊറുക്കു .. .. വരം ചൊരിയൂ
സ്വർഗസ്ഥനായ പിതാവേ ... '

 ലോകത്തിൻ  വെളിച്ചമാം.......

സ്വർഗസ്ഥ താതൻ തൻ ഓമനപ്പുത്രന്റെ
യാചന സന്തോഷം സ്വീകരിച്ചൂ
നാഥന്റെ ജീവിതം ധന്യമായി
താതന്റെ പക്കലേയ്ക്കവനുയർന്നു
അവനോതി ....
'സ്വർഗ്ഗസിംഹാസനം താതന്റെ ചാരെ
നിങ്ങൾക്കായ്‌  ഞാൻ ചെന്നൊരുക്കും...  '

 ലോകത്തിൻ  വെളിച്ചമാം.....

Tuesday, March 26, 2013

എന്തിന്


എന്തിനുനാഥാ   കാൽവരി മുകളിൽ
വേദനയോടെ നീ പിടഞ്ഞു ,
പാപികൾക്കായി എന്തിനു നീ  വൃഥ
നിൻ  തിരു ജീവൻ  ബലികൊടുത്തു... ?

 എന്തിനുനാഥാ..... 

നന്മകൾ ചൊല്ലിയ നാവിലേയ്ക്കന്ന് 
കയ്പ്പുനീരല്ലേ പകർന്നു തന്നു ... ?
സാന്ത്വനമായി   തലോടിയ കൈകളിൽ
കാരിരുമ്പാണികൾ തറച്ചു വച്ചു ...

 എന്തിനുനാഥാ..... 

തന്നെപ്പോൽ തന്നയൽക്കാരനെ സ്നേഹിക്കാൻ
നീ ചൊന്ന വാക്കുകൾ  മറന്നു ഞങ്ങൾ
നിന്ദ്യമായ് ജീവനെ കൊന്നു തള്ളിയിതാ 
തൻ പക പോക്കുവാൻ  മത്സരിപ്പു...

എന്തിനുനാഥാ ..... 

Tuesday, March 12, 2013

ഇനിയും വരുമോ?

 ഇനിയും വരുമോ?


വരുമോ ഇനിയും ഈ വഴിയെ...?
പ്രിയതരമാമെന്‍  കനവുകളെ 
വരില്ലെന്നു കരുതിയ വസന്തര്‍ത്തുവും 
പുതുപൂക്കള്‍ വിടര്‍ത്തിയ ശുഭവേളയില്‍ 

                              വരുമോ ഇനിയും... 

മറവിക്കും മായ്ക്കുവാനായിടാത്ത  
നറുമണമിയലുമാ മലര്‍ക്കുടിലും 
അവിടെന്നെ തഴുകിയ കുളിര്‍ത്തെന്നലും 
മനതാരില്‍ മധുകണമൊഴുക്കീടുവാന്‍ 

                               വരുമോ ഇനിയും..... 

പാടുവാന്‍ മോഹമുണ്ടേറെയെന്നാല്‍ 
അധരങ്ങള്‍ മൌനം   പുണര്‍ന്നീടവേ 
മുറുകുമീയാത്മാവിന്‍  ബന്ധനത്തിന്‍ 
പൊരുള്‍ തേടി മനം തപം തുടര്‍ന്നിടുമ്പോള്‍ 

                              വരുമോ ഇനിയും...