Sunday, June 24, 2012

ശാരികപ്പെണ്ണേ ....



ശാരികപ്പെണ്ണേ    നീ കേട്ടതില്ലേ
ശാരദ സന്ധ്യതന്‍ സ്വരസാന്ത്വനം ?
മൂവന്തിച്ചോപ്പില്‍  മുങ്ങിനീരാടി
മൂക ദു:ഖങ്ങള്‍ മറന്നില്ലേ നീ...?
                                           ശാരികപ്പെണ്ണേ ....

മഴവില്‍ തോരണം ചാര്‍ത്തിയ വാനില്‍
മഴ മേഘ   പ്രാവുകള്‍  കുറുകും പൂങ്കാവില്‍
മണിച്ചെപ്പു കിലുക്കി തുടി താളമൊരുക്കി
മദിച്ചുല്ലസിക്കാന്‍  വരികില്ലേ തോഴി.....? 
                                            ശാരികപ്പെണ്ണേ .....
രാപ്പാടിക്കൂട്ടം ശ്രുതിമീട്ടും മുന്‍പേ
താരകജാലം കണ്‍ ചിമ്മും  മുന്‍പേ
പൂനിലാച്ചന്ദ്രികയൊളി വീശും മുന്‍പേ 
പൂമിഴിയാളേയെന്‍  അരികിലെത്തില്ലേ...?
                                            ശാരികപ്പെണ്ണേ .....

Monday, June 18, 2012

എന്തിന്‌ വെറുതെ?

എന്തിന്‌ വെറുതെ?

എന്തിന്‌ വെറുതെ എന്‍ ഹൃദയത്തില്‍ നീ
വര്‍ണ ചിത്രങ്ങള്‍ വരച്ചു വച്ചു...?
ഒന്നിനുമല്ലാതെ ഉമ്മവച്ചുമ്മവ-
ച്ചെന്‍ മൃത സ്വപ്നങ്ങള്‍ക്കുയിരു   നല്‍കി ...?
                                                  എന്തിന്‌ വെറുതെ....

പൊന്‍കവിള്‍  മങ്ങിയ  സന്ധ്യതന്‍  നെഞ്ചില്‍ 
കുഞ്ഞു   നക്ഷത്രമായ്‌  നീ തെളിഞ്ഞു  ...?
താന്തമിരുള്‍   വന്നു  മൂടിയ  യാമിനി -
ക്കെന്തിനു  പൂ നിലാച്ചേല   നല്‍കി ....?
                                                  എന്തിന്‌ വെറുതെ.....

സങ്കടക്കടലില്‍  നിന്നെന്തിനു  നീയെന്നെ 
പൊന്നലക്കയ്കളാല്‍    കരകയറ്റി ...?
രാഗം  മറന്നൊരെന്‍  തംബുരുവില്‍  അനു  -
രാഗാനുഭൂതികള്‍   നീ പകര്‍ന്നു ....?
                                                 എന്തിന്‌ വെറുതെ.....