Thursday, August 23, 2012

ഇപ്പോഴും...



ശാരദവാനിലെ താരങ്ങളങ്ങിങ്ങു
കണ്ണുകള്‍ചിമ്മുമീ രാത്രി
പാലൊളി
ത്തിങ്കള്‍ക്കുടം വീണു പൂനിലാ-
പ്പാലൊഴുകുന്നൊരീ രാത്രീ


ആരോ ഒരാള്‍വരും കാലടിയൊച്ചയ്ക്കായ്‌
കാതോര്‍ത്തിരിക്കുന്നു..ഞാന്‍
മിഴി  പൂട്ടാതിരിക്കുന്നു...
(ശാരദവാനിലെ......)


ഉള്ളില്‍ ലഹരിയാര്‍ന്നുന്മാദമായ്‌ കിളി-
പഞ്ചമം പാടിയതില്ല
കളകള നാദമുയര്‍ത്തിയൊരു കാട്ടു-
ചോലയുമൊഴുകിയതില്ലാ.....
(ശാരദ വാനിലെ...)

ഉദയ സൂര്യന്‍ മല മുകളില്‍ കരേറുവ-
നിനിയും നേരമായില്ല,
പൂവിന്നിതളില്‍ തുഷാര ബിന്ദുക്കള്‍ വെണ്‍

മുത്തായി മാറിയതില്ല....
(ശാരദവാനിലെ...)


നീലക്കടല്‍ത്തിരമാലകള്‍ തീരത്തെ
വാരിപ്പുണര്‍ന്നതുമില്ല
ആഷാഡമേഘങ്ങള്‍ പൊന്നുഷ:സന്ധ്യയ്ക്കായ്‌
വര്‍ണ്ണങ്ങള്‍ചാലിച്ചതില്ല....


ആരോ ഒരാള്‍വരും കാലടിയൊച്ചയ്ക്കായ്‌
കാതോര്‍ത്തിരിക്കുന്നു..കണ്ണീര്‍ 

തോരാതിരിക്കുന്നു..... 
(ശാരദവാനിലെ...)

Tuesday, August 7, 2012

വെറുതെ..

കുയിലിണ കൂവുന്ന മധുരഗാനത്തിന്റെ
ലഹരിയില്‍ മുഴുകി ഞാന്‍ നില്‍ക്കേ
,
അതു നിന്റെയോര്‍മ്മത
ന്നുയിരുണര്‍ത്തീടുന്നു
അനുരാഗ വിവശയാകുന്നു....ഞാന്‍

അനുരാഗ വിവശയാകുന്നു...



മദഭരവര്‍ഷമായ്‌ 
മലര്‍മണം പെയ്തൊരാ
പഴയപൂങ്കാവനത്തില്‍

ഒരു വര്‍ണ്ണശലഭമായ്‌
പ്പാറിപ്പറക്കുവാന്‍
ദാഹമുണരുന്നു ...നെഞ്ചില്‍

മോഹമുണരുന്നു.
                                     (കുയിലിണ കൂവുന്ന ........)

പുലര്‍മഞ്ഞു തൂകുമാ
കുന്നിഞ്ചെരിവിലെ
തളിരിളം പുല്‍പ്പരപ്പില്‍

നിന്മാറില്‍ തലചായ്ച്ചിരുന്ന
നിമിഷങ്ങള്‍
തിരികെ വിളിക്കുന്നു...എന്നെ

തിരികെ വിളിക്കുന്നു.
                              (കുയിലിണ കൂവുന്ന ........)


നിറമുള്ള സന്ധ്യയെ
പുണരുന്ന സൂര്യന്റെ
കിരണങ്ങള്‍ മാഞ്ഞിടും മുന്‍പെ

ഇനിയുമാ തീരത്ത്‌ 
ചേര്‍ന്നൊന്നിരിക്കുവാന്‍
വെറുതെ കൊതിക്കുന്നു....ഞാന്‍

വെറുതെ കൊതിക്കുന്നു...
                                (കുയിലിണ കൂവുന്ന ........)

**********