Monday, May 28, 2012

ഓര്‍മ്മകള്‍....

ഓര്‍മ്മകള്‍....

പണ്ട് മറന്നൊരു പാട്ടിന്നീണമെന്‍  
ഹൃദയ മുരളിയില്‍ നുരയുമ്പോള്‍
ഒരു കുളിര്‍കാറ്റായ്‌ ,ഒരു സാന്ത്വനമായ്
അരികില്‍ വന്നീടുമോ പ്രിയ സഖി നീ,യി-
ന്നെവിടെയെന്നെങ്കിലും   ചൊല്ലീടുമോ?

                                  [പണ്ട് മറന്നൊരു പാട്ടിന്നീണമെന്‍  .....

ഉയിരിന്നുയിരില്‍ കനവുകള്‍ തീര്‍ത്ത
മണിമാളികകള്‍ തകര്‍ന്നതും
വിപഞ്ചിയുണര്‍ത്തിയ ശ്രുതിരാഗത്തില്‍
വിഷാദ ഗാനങ്ങള്‍ നിറഞ്ഞതും
മുള്‍ ശയ്യയില്‍ മനം അമര്‍ന്നതും ,വീണ്ടും
വീണ്ടുമോര്‍മ്മയില്‍ തെളിയുന്നു.
                                   [
പണ്ട് മറന്നൊരു പാട്ടിന്നീണമെന്‍.......
 
കനലുകള്‍ വിതറിയ നടവഴികളില്‍ നാം
അഗതികളായി അലഞ്ഞതും....
മോഹമായ് ദൂരെ മരീചിക നമ്മെ
മാടി മാടി വിളിച്ചതും...നീ-
യെന്നെവിട്ടെങ്ങോ  മറഞ്ഞതും, വീണ്ടും...
വീണ്ടുമോര്‍മ്മയില്‍ തെളിയുന്നു.

                                     [ പണ്ട് മറന്നൊരു പാട്ടിന്നീണമെന്‍....

Friday, May 18, 2012

സന്ധ്യ

സന്ധ്യ

വര്‍ണ്ണങ്ങളേഴും  ചാലിച്ച് ചേര്‍ത്ത്
സന്ധ്യാമ്പരത്തിന്‍ വദനം മിനുക്കി
എന്തൊരു ചന്തം, സുന്ദരി സന്ധ്യേ
എന്നിട്ടുമെന്തിനി വിഷാദ ഭാവം...?

ദിനകരനെങ്ങോ  മറയുവതോര്‍ത്തോ   ...
ദിനകന്യകതന്‍ വേദനയോര്‍ത്തോ    ...?
നിറമോലും സന്ധ്യേ, നിറമിഴികളുമായ്
മൂളുന്നതെന്തിനീ  വിമൂകരാഗം...?

ഒരു ചകോരക്കിളിയുടെ നെഞ്ചില്‍
തുളുമ്പും പ്രണയത്തിന്‍ നോവുകളോര്‍ത്തോ...? 
പറയു  നീ    കന്യേ  ,പരിഭവമോടെ
പാടുന്നതെന്തിനീ   വിരഹഗാനം...?
  ***** ******* ********

Saturday, May 5, 2012

എന്തേ....ഉറങ്ങിയില്ല....?



രാവേറെയായി  രാപ്പാടിയുമുറങ്ങി...
ഈണങ്ങള്‍ മൂളി പൂന്തെന്നലുമുറങ്ങി
ഓര്‍മ്മതന്നാഴങ്ങളില്‍ മുങ്ങി...
നീമാത്രമെന്തേ ഉറങ്ങിയില്ല...-സഖി
നീമാത്രം ഉറങ്ങിയില്ല .
             [ രാവേറെയായി  രാപ്പാടിയുമുറങ്ങി..]

രാഗങ്ങളെല്ലാം  മറന്നോ...?അനു-
രാഗവിവശയായ്‌ത്തീര്‍ന്നോ? 
ഏകാന്ത ദു:ഖത്തിന്‍  കാണാക്കരയില്‍
എകാകിനിയായി നിന്നോ ...? നീ-
ഏറെത്തളര്‍ന്നു നിന്നോ...?  
               [രാവേറെയായി  രാപ്പാടിയുമുറങ്ങി..]

ഏഴിലം പാലകള്‍ പൂത്തോ...?രാവിന്‍-
നീല വെളിച്ചമണഞ്ഞോ ....?
താരകക്കുഞ്ഞുങ്ങള്‍ കണ്‍ ചിമ്മും വാനിന്‍ -
കോണിലൊരാള്‍ കാത്തു നിന്നോ...? നിന്നെ
തേടിയൊരാള്‍  വന്നുവെന്നോ...?
               [ രാവേറെയായി  രാപ്പാടിയുമുറങ്ങി..]