Thursday, April 26, 2012

ചന്ദ്രിക തെളിയുമീ രാവില്‍



ചന്ദ്രിക തെളിയുമീ രാവില്‍ നീയെന്റെ
മാനസ മണിയറ തുറന്നു വന്നു,
മധുരിത ഗാനത്തിന്‍  ലഹരിയില്‍ ഞാന്‍ നിന്റെ
ചന്ദന ഗന്ധം  നുകര്‍ന്നു നിന്നു...അന്ന്
നമ്മള്‍ നമ്മളെ മറന്നു നിന്നു .
                                       (ചന്ദ്രിക തെളിയുമീ രാവില്‍....

മോഹിനി യാമിനി കണ്‍‌തുറന്നു-മെല്ലെ
മോതിര ക്കൈകളാല്‍  താളമിട്ടു;
ആനന്ദ രാഗങ്ങള്‍ മൂളുവാന്‍ രാക്കിളി
ആരാമത്തിണ്ണയില്‍    വന്നു ചേര്‍ന്നു-അവന്‍
തന്നിണക്കിളിയോടു ചേര്‍ന്നു നിന്നു. 
                                         (ചന്ദ്രിക തെളിയുമീ രാവില്‍....  

ആകാശ  വീഥിയില്‍ ആയിരം താരകള്‍
കണ്‍തുറന്നെന്തിനൊ നോക്കിനിന്നു;
ചക്രവാളത്തിനുമപ്പുറം    സൂര്യനും
എത്തിനോക്കീടാതെ കാത്തു നിന്നു- നാം 
അനുരാഗ നൊമ്പരം ആസ്വദിച്ചു  .
                                        (ചന്ദ്രിക തെളിയുമീ രാവില്‍....

Sunday, April 22, 2012

രാഗാര്‍ദ്ര മോഹങ്ങള്‍.

രാഗാര്‍ദ്ര മോഹങ്ങള്‍.
ഏതോ ത്രിസന്ധ്യതന്‍  രാഗാര്‍ദ്ര മോഹമായ് 
എന്തിന്‌ നീയെന്നരികില്‍ വന്നു?
അറിയാതെ അറിയാതെ എന്നാത്മാവില്‍ നീ
അനുരാഗ നൊമ്പരം പകര്‍ന്നു തന്നു ...?! 

(ഏതോ   സന്ധ്യതന്‍....)

കനലുകള്‍ എരിയുമീ
വഴിതാണ്ടി തളര്‍ന്നു  ഞാന്‍
അലയുകയായിരുന്നു.....
ഒരു തണല്‍ തേടി
അലയുകയായിരുന്നു
എന്തിന്‌ കുളിര്‍    നീരുറവയായി....
എന്തിന്‌ സാന്ത്വന ഗീതമായി...
നീയെന്നരികില്‍ വന്നു...?!

(ഏതോ   സന്ധ്യതന്‍....)


കൂരിരുള്‍ മൂടുമീ
വഴിയേതെന്നറിയാതെ
ഉഴലുകയായിരുന്നു
ഒരു മുഖം തേടി
ഉഴലുകയായിരുന്നു
എന്തിന്‌  നിറദീപ നാളമായി....
എന്തിന്‌  നറുനിലാബിംബമായി..
നീ യെന്നരികില്‍ വന്നു ...? !
  
(ഏതോ   സന്ധ്യതന്‍....)
 

Wednesday, April 18, 2012

തിരു സന്നിധിയില്‍

വന്നു  ഞാന്‍  തിരു സന്നിധിയില്‍ 
എന്തേ  നിന്‍  മിഴി തുറന്നതില്ല 
കാത്തിരുന്നീടുമെന്‍  നൊമ്പരങ്ങള്‍ 
തീര്‍ത്തിടാന്‍  ദേവാ നീ മിഴി  തുറക്കൂ...
 (വന്നു ഞാന്‍ .....)

പൂത്താലമില്ലെന്റെ  കയ്യില്‍ ,ഒരു കൊച്ചു -
പൂവിതള്‍ പോലുമില്ല
നോവുമെന്‍ ആത്മാവില്‍ നിനക്ക് നല്‍കാന്‍ 
പ്രാര്‍ഥനാ പുഷ്പങ്ങള്‍   മാത്രം....
 (വന്നു ഞാന്‍ .....)


കര്‍പ്പൂരദീപങ്ങളില്ല , ഒരു കൊച്ചു-
നെയ്ത്തിരി  പോലുമില്ല 
നാഥ നിന്‍ തിരു മുന്‍പില്‍ കാഴ്ച വയ്ക്കാന്‍ 
ഉരുകുമെന്‍ ജീവിതം മാത്രം.....
 (വന്നു ഞാന്‍ .....)